പാമ്പാടി പെരുന്നാളിന് വിപുല ക്രമീകരണങ്ങള്‍

പാമ്പാടി: പരിശുദ്ധ പാമ്പാടി തിരുമേനിയുടെ 51 – )o ഓര്‍മപ്പെരുന്നാള്‍ ആചരണങ്ങള്‍ക്കു പാമ്പാടി ദയറയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള തീര്‍ഥാടക സമൂഹം പെരുന്നാള്‍ ആചരണങ്ങളില്‍ പങ്കെടുക്കാന്‍ പാമ്പാടി ദയറയിലേക്ക് ഒഴുകിയെത്തുന്ന പുണ്യദിനങ്ങളാണ് ഇനി.

തീര്‍ഥാടകരെ സ്വീകരിക്കാന്‍ വിപുലമായ ക്രമീകരണങ്ങളാണ് ദയറയില്‍ ഒരുക്കിയിരിക്കുന്നത്. പെരുന്നാള്‍ ദിനങ്ങളും ഒരു വര്‍ഷം നീണ്ടു നിന്ന ചരമ കനക ജൂബിലി പരിപാടികളുടെ സമാപനവും നാല്, അഞ്ച് തീയതികളിലാണ്. പ്രധാന നേര്‍ച്ചയായ നെയ്യപ്പം ഒരുക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി. പവിത്ര ദര്‍ശന സംഗമവും ഇന്നു നടത്തും. രാവിലെ എട്ടിനു കുര്‍ബാനക്കു ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ് കാര്‍മികത്വം വഹിക്കും. പുതു ഞായര്‍ ദിനമായ നാളെ 7.45നു ഫാ. ഡോ. ടി.ജെ. ജോഷ്വ കുര്‍ബാന സമര്‍പ്പിക്കും.

നാലിന് ഒന്നിന് കുന്നക്കുളം തീര്‍ഥാടന സംഘത്തിനു ദയറയില്‍ സ്വീകരണം നല്കും. വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരെ തിരുമേനിയുടെ മാതൃഇടവകയായ പാമ്പാടി സെന്‍റ് ജോണ്‍സ് കത്തീഡ്രലില്‍ സ്വീകരിക്കും. തുടര്‍ന്ന് അഞ്ചിനു കത്തീഡ്രലില്‍ നിന്നു പെരുന്നാളിനോടനുബന്ധിച്ചുള്ള പ്രസിദ്ധമായ പ്രദക്ഷിണം ആരംഭിക്കും.

ഏഴിന് ദയറയില്‍ അനുസ്മരണ പ്രസംഗം – ഫാ. എബ്രഹാം ഫിലിപ്പ്. പ്രദക്ഷിണം എത്തിയതിനു ശേഷം കബറുങ്കില്‍‍ ധൂപ പ്രാര്‍ത്ഥനയും അനുസ്മരണ പ്രസംഗങ്ങളും. അഞ്ചിനു പുലര്‍ച്ചെ അഞ്ചിന് കുര്‍ബാനയ്ക്കു സഖറിയാസ് മാര്‍ അന്തോണിയോസ് കാര്‍മികത്വം വഹിക്കും. 8.30നു മൂന്നിന്മേല്‍ കുര്‍ബാന. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ മുഖ്യകാര്‍മികത്വം വഹിക്കും.

യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്, മാത്യൂസ് മാര്‍ തേവോദോസിയോസ് എന്നിവര്‍ സഹകാര്‍മികത്വം വഹിക്കും. 9.45നു പരിശുദ്ധ കാതോലിക്കാ ബാവാ അനുസ്മരണ പ്രസംഗം നടത്തും. തുടര്‍ന്ന് പ്രദക്ഷിണം, നേര്‍ച്ച വിളമ്പ്. 11ന് ചരമകനകജൂബിലി സമാപന സമ്മേളനം. പരിശുദ്ധ കാതോലിക്കാ ബാവായുടെ അധ്യക്ഷതയില്‍ ജീവകാരുണ്യ ഫണ്ട് വിതരണവും പരിശുദ്ധ പാമ്പാടി തിരുമേനിയെ കുറിച്ചുള്ള പുസ്തകത്തിന്‍റെ പ്രകാശനവും ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം നിര്‍വ്വഹിക്കും.

ജൂബിലി പരിപാടികളുടെ റിപ്പോര്‍ട്ട് ഭദ്രാസന സെക്രട്ടറി ഫാ. തോമസ് വര്‍ഗീസ് കാവുങ്കലും പുതിയ പുസ്തകത്തെ കുറിച്ചുള്ള ആമുഖ പ്രഭാഷണം ഓര്‍ത്തഡോക്സ് സെമിനാരി മുന്‍ പ്രിന്‍സിപ്പല്‍ ഫാ. ഡോ. കെ.എം. ജോര്‍ജ്ജും നിര്‍വ്വഹിക്കുമെന്നും പാമ്പാടി ദയറ മാനേജര്‍ ഫാ. മാത്യു കെ. ജോണ്‍, ജനറല്‍ കണ്‍വീനര്‍ ഇ.കെ. ജോര്‍ജ്ജ് കോര്‍ എപ്പിസ്കോപ്പ, അസി. മാനേജര്‍ ഫാ. സി.എ. വര്‍ഗീസ്  എന്നിവര്‍ അറിയിച്ചു.

Share This Post