Fr. K. V. Alias Bible Study

യോസേഫിന്‍റെ ചരിത്രം (അ 37-50)

ഹാരാനില്‍ വച്ച് യാക്കോബിന് റാഹേലില്‍ ജനിച്ച പുത്രനാണ് യോസേഫ്. സുന്ദരനും കോമളരൂപിയും പ്രിയ ഭാര്യയില്‍ നിന്നുള്ള ആദ്യജാതനുമാണ് യോസേഫ് എന്നതാകും യാക്കോബിന് ഈ മകനോട് ഇഷ്ടം അധികരിക്കുവാന്‍ കാരണം. വാര്‍ദ്ധക്യത്തിലുള്ള മകനാകയാല്‍ (32:3) എന്ന് ഒരു കാരണം വേദപുസ്തകം പറയുന്നുണ്ട്. യാക്കോബും മക്കളും എങ്ങനെ മിസ്രിയീമില്‍ ചെന്നു പെട്ടു എന്ന കഥയാണ് അ. 37 മുതല്‍ 50 വരെയുള്ള ഭാഗത്ത് വിവരിക്കുന്നത്. 38-ാം അദ്ധ്യായം മാത്രം ഈ കഥയ്ക്ക് ഇടയില്‍ തിരുകി കയറ്റിയ കഥയായി വരുന്നു.

1. 37:1-36 യോസേഫിന്‍റെ സ്വപ്നവും തുടര്‍സംഭവങ്ങളും

ഇവിടെ യോസേഫ് കാണുന്ന രണ്ടു സ്വപ്നങ്ങളുണ്ട്. പിതാവിന്‍റെ പക്ഷപാതപരമായ സ്നേഹവും ഈ പക്ഷാപാതിത്വം കുടുംബബന്ധത്തില്‍ ഉലച്ചിലുണ്ടാക്കുന്നുണ്ട്.

എന്നാല്‍, യോസേഫോ, നിഷ്ക്കളങ്കിതനാണ്. സത്യം തുറന്നു പറയുന്നവന്‍ (വാ.2) അതിന്‍റെ പേരില്‍ തൃജിക്കപ്പെടുന്നവന്‍. ബന്ധം നിലനിര്‍ത്തുവാന്‍ കണ്ട സ്വപ്നങ്ങളേക്കുറിച്ച് മൗനം പാലിച്ചാല്‍ മതി സഹോദരങ്ങളുടെ ദുഷ്ചെയ്തികള്‍ പിതാവിനോട് പറയാതിരിക്കുകയും പക്ഷേ യോസേഫിന് അതിനു കഴിഞ്ഞില്ല. സ്വന്തം നേട്ടത്തിനു വേണ്ടി, നിലനില്പിനു വേണ്ടിയാണെങ്കില്‍ പോലും കണ്ടതും, അറിഞ്ഞതും മറച്ചു വയ്ക്കാനാവാത്ത നിഷ്ക്കളങ്കത യോസേഫിനുണ്ട്. 5-7, 9-10 വാക്യങ്ങളിലാണ് ഈ സ്വപ്നം. വ്യാഖ്യാനം ആവശ്യമില്ലാത്ത സ്വപ്നങ്ങള്‍. സഹോദരന്മാരെ വെറുപ്പിക്കുന്ന, അസൂയാലുക്കളാക്കുന്ന ശത്രുക്കളാക്കുന്ന പിതാവിനെ വ്യസനിപ്പിക്കുന്ന സ്വപ്നങ്ങള്‍.

ഫലമോ? ആടുകളെ നോക്കാന്‍ പോയ സഹോദരങ്ങളുടെ ക്ഷേമം തേടിയിറങ്ങിയ അപ്പന്‍റെ പ്രിയപുത്രനെ സഹോദരന്മാര്‍ കൊല്ലുവാനൊരുങ്ങുന്നു. മൂത്ത സഹോദരന്‍റെ ഇടപെടല്‍, മരണത്തില്‍ നിന്നും രക്ഷിക്കുന്നുവെങ്കിലും സ്വന്തമായതില്‍ നിന്നും, സ്വന്തക്കാരില്‍ നിന്നും തിരസ്ക്കരിക്കപ്പെടുന്നു, അന്യനാക്കപ്പെടുന്നു.

‘Typology’ എന്ന വ്യാഖ്യാന രീതി പ്രകാരം ദൈവപുത്രനായ ക്രിസ്തുവിന്‍റെ ഒരു മുന്‍രൂപം യോസേഫില്‍ കാണാം. (വി. മത്തായി 21:33-39 വായിക്കുക). ദൂരെ നിന്ന് മകനെ കാണുമ്പോള്‍ അവകാശി ഇവനാകുന്നു എന്ന് കണ്ട് തോട്ടത്തിന് വെളിയില്‍ കൊണ്ടു പോയി കൊന്നു കളയുന്ന ദാസന്മാരെ അവിടെക്കാണാം. ഇവിടെ സഹോദരങ്ങള്‍ യോസേഫിനെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു. വെള്ളിക്കാശിനു വില്‍ക്കപ്പെടുന്നുവെന്ന സുവിശേഷ വായനയും ചേര്‍ത്തു വായിക്കുക. (37:28// Mt.26:14-16)

യോസേഫിന് മരണം സംഭവിക്കുന്നില്ല; ക്രിസ്തുവോ മരിച്ചിട്ട് ഉയിര്‍ത്തെഴുന്നേറ്റു. പിതാവിന്‍റെ സ്നേഹം ഇരുവരിലും നിറഞ്ഞ് കവിയുന്നത് നാം കാണുന്നു.

ഈ സഹനം പുതിയൊരു സ്ഥാനത്തിനുള്ള ഒരുക്കമാണ് മഹത്വീകരണത്തിനുള്ള ഒരുക്കം. 39 മുതലുള്ള അദ്ധ്യായങ്ങള്‍ ഈ സംഭവങ്ങളുടെ ചിത്രീകരണമാണ്.

യോസേഫിന്‍റെ കഥാകഥനത്തിനിടയിലെ ഒരു വ്യത്യസ്ത സംഭവമാണ് 38-ാം അദ്ധ്യായത്തില്‍ കാണുന്നത്.

2. 38: 1-30 യഹൂദാ – താമാര്‍ ഇതിവൃത്തം

38-ാം അദ്ധ്യായം യഹൂദായെ കുറിച്ചും കര്‍ത്താവിന്‍റെ വംശാവലിയില്‍ സ്ഥാനം നേടിയ താമാറിനെ കുറിച്ചും പറയുന്ന കഥയാണ് (മത്താ. 1:3). നമ്മുടെ വിവാഹ കൂദാശയില്‍ ഈ കഥ ഒരു ഗീതമായിട്ടുണ്ട്.

“മൂടുപടം, വടി, മോതിരമിവയായില്‍…”

നമ്മുടെ കര്‍ത്താവ് യഹൂദാ ഗോത്രത്തിലാണ് പിറന്നത് (എബ്രാ. 7:14) ദേവര വിവാഹം എന്നൊരു ആചാരത്തെ കുറിച്ചും ഈ കഥ സൂചന നല്‍കുന്നു. (ലൂക്കോ 20:27-33)

മനുഷ്യന്‍റെ കണ്ണിന് “നേര്” എന്നു തോന്നും വിധമല്ല ദൈവം പ്രവര്‍ത്തിക്കുന്നത് എന്ന സത്യം ഇവിടെ വ്യക്തം.

ഇനിയുമൊരു കാര്യം, നഗരത്തിനു വെളിയില്‍ കൊണ്ടു പോയി കല്ലെറിഞ്ഞ് കൊല്ലേണ്ടതാണ് വ്യഭിചാരിണിയെ. ഇവിടെ നാട്ടുകൂട്ടം അതിനായി കൂടുവാന്‍ വട്ടമൊരുക്കുമ്പോള്‍ ബുദ്ധിപൂര്‍വ്വം ഇടപെടുന്ന താമാറിനെ നമുക്ക് കാണാം. “അടയാളങ്ങള്‍” നല്കി, ഭര്‍തൃപിതാവിനെ “നീതിബോധ”മുള്ളവനാക്കുന്ന മരുമകളാണ് താമാര്‍. യഹൂദായ്ക്ക് താമാറില്‍ ജനിക്കുന്ന രണ്ടു മക്കളാണ് പെരെസ്സ് (ഛിദ്രം) സേരഹ് (തിളക്കം, നവത്വം) എന്നിവര്‍.

യോസേഫ് കഥയ്ക്കിടെ ഈ കഥയുടെ പ്രസക്തി എന്ത്? എന്ന ഒരു ചോദ്യമുണ്ട്. അതിനുത്തരം ഉല്പത്തി പുസ്തകത്തിലില്ല. തുടര്‍ ഗ്രന്ഥങ്ങളിലാണ്, പുതിയ നിയമത്തിലാണ്. യോസേഫ് സാഗയുടെ പ്രാധാന്യം യാക്കോബും മക്കളും എങ്ങനെ, എപ്പോള്‍ മിസ്രീയിമിലെത്തിയെന്നതു മാത്രമാണ്. രക്ഷാചരിത്രം യഹൂദായിലൂടെയാണ് മുന്നോട്ടു നീങ്ങുന്നത് ആ സൂചനയാണ് ഈ സംഭവത്തിന്‍റെ സാംഗത്യം.

3. 39-45. യോസേഫ് മിസ്രയീമില്‍

39-45 അദ്ധ്യായങ്ങളില്‍ മിസ്രയീമിലെ യോസേഫിന്‍റെ ജീവിതം വിവരിക്കുന്നു. 37ല്‍ കണ്ട സ്വപ്നങ്ങളുടെ സാക്ഷാത്ക്കാരമാണ് ഈ അദ്ധ്യായങ്ങളില്‍

39:1-23 യോസേഫ് മിസ്രയീമിലെ തടവറയില്‍
40:1-22 യോസേഫ് തടവുകാരുടെ സ്വപ്നം വ്യാഖ്യാനിക്കുന്നു
41:1-36 യോസേഫ് ഫറവോന്‍റെ സ്വപ്നം വ്യാഖ്യാനിക്കുന്നു
41:37-57 യോസേഫ് മിസ്രയീമിലെ ഭരണാധിപന്‍ മനശ്ശെ = മറവിക്കു ഹേതു
42:1-25 യോസേഫിന്‍റെ സഹോദരന്മാര്‍ മിസ്രയീമില്‍ എഫ്രയിം = ഇരട്ടി ഫലം
42:26-38 സഹോദരന്മാര്‍ ധ്യാന്യവുമായി മടങ്ങുന്നു
43:1-34 സഹോദരന്മാര്‍ ബന്യാമിനേയും കൊണ്ട് മിസ്രയീമില്‍
44:1-17 യോസേഫിന്‍റെ ‘മോഷ്ടിക്കപ്പെട്ട’ പാനപാത്രം
44:18-34 യഹൂദാ ബന്യാമിനു വേണ്ടി സംസാരിക്കുന്നു
45:1-28 യോസേഫ് സ്വയം വെളിപ്പെടുത്തുന്നു

4. 46-50 യാക്കോബ് മിസ്രയീമില്‍

46:1-27 യാക്കോബ് മിസ്രയീമിലേക്ക്
46:28-47:12 യോസേഫ് ഗോശെനില്‍ യാക്കോബിനെ സ്വീകരിക്കുന്നു
47:13-26 യോസേഫ് ക്ഷാമം നിയന്ത്രിക്കുന്നു
47:27-31 പിതാവിനോടുള്ള യോസേഫിന്‍റെ വാഗ്ദാനം
48:1-22 യാക്കോബ് യോസേഫിന്‍റെ മക്കളെ അനുഗ്രഹിക്കുന്നു
49:1-27 യാക്കോബിന്‍റെ അന്ത്യവാക്കുകള്‍
49:28-50:14 യാക്കോബിന്‍റെ അന്ത്യം
50:15-21 യോസേഫ് സഹോദരന്മാരെ ആശ്വസിപ്പിക്കുന്നു
50:22-26. യോസേഫിന്‍റെ അന്ത്യം

Share This Post